2 കൂട്ടുകുടുംബം

പെണ്ണ് കാണൽ കഴിഞ്ഞ് പെണ്ണിനെ ഇഷ്ടമായെന്നു വിളിച്ചു പറഞ്ഞതിന്റെ വൈകീട്ട് എനിക്കൊരു കാൾ വന്നു.. അതവളായിരുന്നു .. ഞാൻ കാണാൻ ചെന്ന പെണ്ണ്...

"വൈശാഖേട്ടാ.... വൈകീട്ട് ബീച്ചിലോട്ട് ഒന്ന് വരാമോ??എനിക്ക് സംസാരിക്കാനുണ്ടായിരുന്നു...."

ദൈവമേ!!!! തേഞ്ഞ്.... അപ്പൊ ഇതും സ്വാഹാ!!!! വല്ല പ്രേമോം പറയാൻ വിളിച്ചതാവും... ഇനിയിപ്പോ ഇതിന്റെ കൂടി ആങ്ങളയാവേണ്ടി വരോ എന്തോ... ഏത് പെണ്ണിനെ കണ്ടാലും ഇതൊക്കെ തന്നെ അവസ്ഥ... ഒന്നുല്ലെങ്കി പ്രേമം, അല്ലെങ്കി ജാതകം... രണ്ടായാലും ഞാനിങ്ങനെ പുരേം കഴുക്കോലും നിറഞ്ഞു നിക്കേ ള്ളൂ ഇവിടെ... ആരോട് പറയാൻ?? ആര് കേക്കാൻ... ഒരു കെട്ട് പ്രായം തികഞ്ഞു നിക്കുന്നവന്റെ രോധനം ആർക്ക് മനസ്സിലാവും... ആ ഇനിയിപ്പോ അവളെ പോയി കാണാം... അല്ലാതെന്ത്‌??? ഇവളുമാർക്കൊക്കെ പ്രേമിക്കാനും വേണ്ടി ഈ ലോകത്ത് ഇത്രേം മാത്രം ചെറുക്കന്മാരെവിടുന്നാന്നേ!!!!!!!!.....

ന്നാ മ്മക്കൊരു പെണ്ണിനെ പ്രേമിക്കാം ന്ന് വിചാരിച്ചാ ഏ.. ഹേ... ഒരൊറ്റ ഒരെണ്ണത്തിനെ മഷിയിട്ടാ കിട്ടില്ല.... അവസാനാണ് വീട്ടുകാര് കണ്ടു പിടിക്കുന്നതിനെ കെട്ടാം ന്നുള്ള തീരുമാനത്തിലെത്തിയെ... ഇതിപ്പോ പതിനഞ്ചാമത്തെ പെണ്ണാണ്... കൂട്ടുകുടുംബത്തിൽ ആയതു കൊണ്ട് അമ്മക്ക് പിടിച്ചാ ചെറിയമ്മക്ക് പിടിക്കില്ല, രണ്ടാൾക്കും പിടിച്ചാ അമ്മാവനും അമ്മായിയും ഉടക്കും... ഇനി ഞങ്ങക്കൊക്കെ പിടിച്ചാ പെണ്ണിന് കൂട്ടുകുടുംബത്തിൽ കഴിയാൻ താത്പര്യമില്ലെന്ന് പറഞ്ഞൊഴിയും... അങ്ങിനെ നോക്കിനോക്കി എല്ലാർക്കും കൂടി ഇഷ്ടപ്പെട്ട മുതലാണ് ഇന്ന് വൈന്നേരം കാണാൻ വിളിച്ചിരിക്കുന്നെ.... ഉറപ്പായിട്ടും അവൾടെ അമ്മൂമ്മേനെ കെട്ടിക്കാനുള്ള വല്ല കഥയും കൊണ്ട് വരുന്നതാവും....

പറഞ്ഞ സമയത്തു തന്നെ ഞാനെത്തി.... അതാ മ്മടെ കഥാ നായികാ മന്ദം മന്ദം നടന്നു വരുന്നു... ജീൻസും ഒരു വെളുത്ത അയഞ്ഞ കുർത്തയുമാണ് വേഷം... അതി സുന്ദരി എന്നൊന്നും പറയാനില്ലെങ്കിലും ദോഷം പറയരുതല്ലോ നല്ല ഐശ്വര്യമുണ്ട് കാണാൻ... ആ എന്തായാലെന്താ... യോഗല്യ അമ്മിണിയെ!!! ആ ഡയലോഗും മനസ്സിലോർത്തു നിക്കുമ്പോഴാണ് അവളുടെ ശബ്ദം കേട്ടത്...

"വൈശാഖേട്ടൻ വന്നിട്ടൊത്തിരി നേരായോ??? നമുക്കൊന്ന് നടന്നാലോ ഏട്ടാ... ഇവിടെ ഭയങ്കര തിരക്കാ... നമുക്ക് തിരക്കൊഴിഞ്ഞൊരിടത്തിരിക്കാം... എനിക്ക് സംസാരിക്കാനുണ്ട്..."

ഞാൻ ഒന്നും പറഞ്ഞില്ല... അല്ലേലും എന്തോന്ന് പറയാൻ.. അവളെതേലും മണ്ടൻ ക്ണാപ്പനെ വളച്ചെടുത്തു കുപ്പിയിലാക്കിയ ചരിതം കേൾക്കാനല്ല്യോ... അതാരും കേക്കാതിരിക്കാനാവും... ആ എന്തേലും കോപ്പ്!! ഞാനവളുടെ പിന്നിലായി നടന്നു... നടക്കുമ്പോൾ പോലും അവൾക്കൊരു താളമുണ്ടെന്നു തോന്നി... നല്ല ഭംഗി... ഹാ!!!ആരാന്റെ പ്രോപ്പർട്ടിയെ നോക്കി വെള്ളമിറക്കാനാവും എനിക്ക് യോഗം...

തിരക്കൊഴിഞ്ഞൊരിടത്തു ഞങ്ങൾ ഇരിപ്പുറപ്പിച്ചു... അവളാണെങ്കി തിരകളെണ്ണി ഇരിക്കുന്നു... ഇവള് ഇനി കടല് കാണാൻ വന്നതാണാവോ... ഇതിനും മാത്രം ഇതില് കാണാൻ എന്തിരിക്കുന്നു... വെള്ളം ധാ പോയി ദേ വന്നു..... പോട്ട് പുല്ല്!!! എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു... ഒന്ന് പറഞ്ഞു തുലക്കേടി പുല്ലേ ന്ന് ഞാൻ ആത്മഗതിച്ചു.....

അവളെന്നെ നോക്കി മനോഹരമായൊന്നു ചിരിച്ചു" ഹോ ആ ചിരി....എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല്യ.... അത്രക്ക് സൂപ്പർ..."

പറന്നുയർന്ന എന്റെ ചിറകുകളെ ഞാൻ തന്നെ തല്ലി കൊഴിച്ചു... എനിക്കല്ലേ അറിയാവൂ അവൾടെ കൊലച്ചിരി ആണെന്ന്.....

"വൈശാഖേട്ടന് എന്നെ ഇഷ്ട്ടായി ന്ന് രാവിലെ വിളിച്ചു പറഞ്ഞു.. അതോണ്ടാ ഞാൻ പെട്ടെന്ന് കാണാൻ വന്നേ"

മ്മ് പോരട്ടെ...സ്റ്റോറി പോരട്ടെ ഞാൻ വീണ്ടും ആത്മഗതിച്ചു.....

"അത് എന്റെ വീടും സാഹചര്യവുമൊക്കെ ഇഷ്ട്ടയിട്ടാവുമല്ലോ ഏട്ടൻ എന്നെ ഇഷ്ടമായി ന്ന് പറഞ്ഞെ..."

"മ്മ്..." ഒന്ന് മൂളി... അല്ലാതെ ഉണക്ക ചുള്ളി പോലിരിക്കുന്ന നിന്റെ തൊലി വെളുപ്പില് മയങ്ങിയട്ടല്ലെടി പോത്തെ ന്ന് ആത്മ....

"അച്ഛനും അമ്മയ്ക്കും വല്ല്യ താല്പര്യമായിരുന്നു ഒരു കൂട്ടു കുടുംബത്തിലേക്ക് എന്നെ കല്യാണം കഴിപ്പിച്ചയക്കണം ന്ന്.. അച്ഛനും അമ്മേം ഒറ്റ കുട്ടികളായിരുന്നു അവരുടെ വീട്ടില്... അവർക്ക് രണ്ടാൾക്കും സഹോദരങ്ങളോ വലിയ ബന്ധു ബലമോ ഇല്ല... എല്ലാവരും എല്ലാറ്റിനും ഒപ്പമുള്ള ഒരു കുടുംബം കിട്ടുന്നത് ഭാഗ്യാണ് ന്ന് പറയും അവര്... അത് സത്യാണ് ട്ടോ.. എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്...ഞങ്ങടെ വെക്കേഷൻ വല്ല ഊട്ടിയിലോ ബാംഗ്ലൂരിലോ ഒക്കെ ആഘോഷിക്കാറാണ് പതിവ്... അതും ഞങ്ങള് മാത്രം....വൈശാഖേട്ടന്റെ ആലോചന വന്നപ്പോ വേറൊന്നും ഞാൻ കേട്ടില്ല, കൂട്ട് കുടുംബം ന്ന് കേട്ടപ്പോ ഒന്നും ആലോചിക്കണം ന്നും കൂടി തോന്നിയില്ല...."

ഇവിളിത് ഏത് റൂട്ടിലേക്കാണ് വണ്ടി കൊണ്ട് പോവുന്നതെന്ന് മനസ്സിലാവാതെ പകച്ചു പണ്ടാരമടങ്ങി നിൽക്കുന്ന ഞാൻ... ഇനിയിപ്പോ എന്നെ ഇഷ്ടപെടാഞ്ഞിട്ടാണോ???? അങ്ങിനെയാണെങ്കി പോയി പണി നോക്കാൻ പറയും ഞാൻ.. നല്ല മുടിഞ്ഞ ഗ്ലാമറുള്ള എന്നെ അവൾക്ക് കിട്ടാൻ യോഗല്യ ന്ന് വിചാരിക്കും.... അല്ല പിന്നെ...

"ഏട്ടാ... ഞാൻ പറയുന്നത് കേക്കുന്നുണ്ടല്ലോ ലെ.."

(ഞാനെന്താ ചെവി പൊട്ടനോ... ഹും!!) വീണ്ടും ആത്മ.....

"പറയൂ..."

അവള് വീണ്ടും സംഭാഷണം ആരംഭിച്ചു...

"അത് ഞങ്ങള് അഞ്ചു പേര് മാത്രം അടങ്ങുന്ന ഒരു കുഞ്ഞുകുടുംബത്തിൽ നിന്നാണ് ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് വരാൻ പോവുന്നത്... ഒരുപാട് പേരുള്ള... ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടായേക്കാവുന്ന... ഒരു വലിയ കുടുംബത്തിലേക്ക്...."

ഹാ!!! അപ്പോ അതന്നെ കാര്യം... കുടുംബം... പറയെടി... ബാക്കി കൂടി പറയെടി... ന്നിട്ട് ലാസ്റ് ഞാൻ നിനക്കിട്ടൊരലക്ക് അലക്കും... ഇപ്പം നീ പണയ്..

"അതിന്"ശബ്ദം കനപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു..

"അത്... എന്റെ രീതികളെല്ലാം വ്യത്യസ്തമായിരിക്കാം ഏട്ടാ... ഞാൻ കണ്ടു വളർന്ന രീതി... എന്റെ ചുറ്റുപാടുകൾ...ഞങ്ങടെ വീട്ടില് ആദ്യം എണീക്കുന്നത് അച്ഛനാണ്... ചെറുതിലെ തൊട്ട് അച്ഛന് അതാണ് ശീലം... അച്ഛൻ എണീച്ച് എല്ലാർക്കുമുള്ള ചായ ഇട്ടു വെച്ചിട്ട് നടക്കാൻ പോവും.. അപ്പോഴാണ് അമ്മ എണീക്കുക.. അമ്മക്ക് ചായ എണീറ്റ ഉടനെ കുടിച്ചില്ലെങ്കി തല വേദനയെടുക്കും... അതോണ്ട് കൂടിയാണ് കേട്ടോ അച്ഛൻ ചായ ഇട്ടു വെക്കുന്നെ... ഒരിക്കലും അച്ഛൻ അതിനൊരു മുഷിപ്പും അമ്മയോട് പറഞ്ഞു കേട്ടിട്ടില്ല ട്ടോ.... കാരണം രണ്ടു പേരും തുല്യമായി അവരുടെ കടമകൾ നിർവഹിച്ചാലേ അത് കുടുംബമാവൂ ന്ന് അച്ഛൻ എപ്പോഴും പറയും....എന്നെ എണീപ്പിക്കുന്നത് ഏട്ടനാണ്... ഒരു നിശ്ചിത സമയത്തിന് എണീക്കണം എന്നൊന്നും വീട്ടില് നിർബന്ധമില്ല... എന്നാലും ഏഴു മണിയൊക്കെ ആവുമ്പോഴേക്കും ഞാൻ എണീക്കും കേട്ടോ....പഠിക്കാനുണ്ടെങ്കി അത് ചെയ്തിട്ടെ ഞാൻ താഴോട്ട് പോവാറുള്ളൂ..... ഏട്ടത്തിക്ക് 9 മണിക്ക് ഇറങ്ങണം.. ഇത്തിരി ദൂരെയാണ് സ്കൂൾ.. അവിടേക്ക് ഡ്രൈവ് ചെയ്ത് എത്തുമ്പോഴേക്കും സമയമാവും... കാരണം ഇവിടെ വന്നിട്ടാ ഏടത്തി ഡ്രൈവിംഗ് പഠിച്ചത്... അത് കൊണ്ട് കുറച്ചു പതുക്കെയെ പോകൂ.... ഏടത്തിയുടെ വീട്ടില് പെണ്കുട്ടികള് അടങ്ങി ഒതുങ്ങി ജീവിക്കണം എന്നുള്ള ഒരു ടൈപ്പ് ആയിരുന്നു....ഇവിടെ വന്ന് ഞങ്ങള് മാറ്റിയെടുത്തതാ.... "

ഇവൾക്കിനി വട്ടാണോ ദൈവമേ...?? പെണ്ണ് കാണല് കഴിഞ്ഞ ചെക്കനോട് ഇവൾടെ ദിനചര്യകള് മൊത്തം പറഞ്ഞു കൊടുക്കാൻ.....എന്നാലും അവളെ കേൾക്കാനൊരു സുഖമുണ്ട്....ഞാനവളെ വായ്‌നോക്കിയിരിക്കുന്നതൊന്നും അവളറിഞ്ഞിട്ടില്ല... അവള് പുരാണം പറച്ചില് തുടർന്ന് കൊണ്ടിരിക്കുകയാണ്....

" എന്നും രാവിലത്തെ പാചകം അച്ഛനും അമ്മയും കൂടിയാണ് ചെയ്യാറ്.... ഞാനും ഏട്ടനും മുറ്റമടിക്കലും, അടിച്ചു തുടക്കലും പാത്രം കഴുകലുമൊക്കെ ചെയ്യും... തുണികളൊക്കെ രണ്ടു ദിവസം കൂടുമ്പോ വാഷിംഗ് മെഷിനിൽ ഇടാറാണ് പതിവ്... എല്ലാർക്കും ജോലിയുള്ളത് കൊണ്ട് വീട്ട് പണി മുഴുവൻ കഴിഞ്ഞു പോവല് നടക്കില്ലല്ലോ.. അതോണ്ട് മാസത്തിലൊരിക്കൽ മാറാല തട്ടലും വീട് മുഴുവൻ വൃത്തിയാക്കലും എല്ലാരും കൂടെ ഒരുമിച്ചു ചെയ്യും... എല്ലാരും എല്ലാം ഒരുമിച്ചു ചെയ്താണ് ശീലം.. ഒരിക്കലും ഏട്ടനെ ഒന്നിൽ നിന്നും അമ്മയോ അച്ഛനോ മാറ്റി നിർത്തിയിട്ടില്ല.. അടിക്കാനും തുടക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ എന്നെ പോലെ തന്നെ ഏട്ടനെയും പഠിപ്പിച്ചു... "

"ഓ!!! അപ്പൊ താൻ ഫെമിനിസ്റ്റ് ആണല്ലേ?? ആണിനും പെണ്ണിനും തുല്യ അവകാശം വേണം... ഒരുമിച്ചെല്ലാം ചെയ്യണം ന്നുള്ള ടൈപ്പ്" പുച്ഛത്തോടെയാണ് ചോദിച്ചത്....

അവള് മനോഹരമായി ചിരിച്ചു കൊണ്ട് പറഞ്ഞു...

"ഫെമിനിസ്റ്റോ???

ഞാനോ.... മുടി ഉയർത്തിക്കെട്ടിയത് കൊണ്ടാണോ അങ്ങിനെ ചോദിച്ചേ??? ഏട്ടനറിയോ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് എന്റെ അച്ഛനെയും ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ ഏട്ടനെയുമാണ്.... എന്നെ ഞാനാക്കിയത് അവരാണ്... ഒരു പെൺകുട്ടി എന്ന നിലയിൽ ഒന്നിൽ നിന്നും വിട്ട് നില്ക്കാൻ അവരെന്നെ അനുവദിച്ചില്ല... ഏട്ടനുള്ള എല്ലാ അധികാരങ്ങളും എനിക്കും തന്നു... ഏട്ടനൊരു പ്രത്യേക പരിഗണന കൊടുക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല്യ.. നീയൊരു പെൺകുട്ടിയാണ് എന്ന് പറഞ്ഞെന്നെ ഒന്നിൽ നിന്നും മാറ്റി നിർത്തിയിട്ടുമില്ല....എല്ലാ കാര്യങ്ങളും രണ്ടു പേരും പഠിക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു... ഏട്ടന്റെ കൂടെ ഞാനും കരാട്ടെ ക്ലാസിനു ചേർന്നത് അത് കൊണ്ടാണ്... അത് പോലെ മുറ്റമടിക്കാനോ മുഷിഞ്ഞ വസ്ത്രം കഴുകാനോ ഏട്ടന് ഒരു മടിയും തോന്നാഞ്ഞതും എന്റെ അച്ഛൻ കാരണമാണ്... അങ്ങിനെയുള്ള ഒരച്ഛന്റെ മകൾ എങ്ങിനെ ഫെമിനിസ്റ് ആവും?? എനിക്ക് എന്റേതായ ഉറച്ച നിലപാടുകൾ ഉണ്ട്... പക്ഷെ ഒരിക്കലും ഒറ്റക്ക് ഞാനൊരു തീരുമാനമെടുത്തിട്ടില്ല... എല്ലാവരോടും ആലോചിച്ചിട്ട് മാത്രമേ എന്തും ചെയ്യാറുള്ളൂ...

പിന്നെ മുടി ഉയർത്തി കെട്ടി ബുജിയാണെന്ന് സ്വയം ഭാവിച്ച് എന്തൊക്കെയോ വിളിച്ചു പറയുന്ന പേക്കൂത്തിനെ ഞാൻ ഫെമിനിസം എന്ന് വിളിക്കുന്നില്ല ട്ടോ... "

ഇവിളിത് സത്യത്തിൽ എന്താ ഉദ്ദേശിക്കുന്നത്?? ഇപ്പൊ കൺഫ്യൂഷ്യനിൽ ആയത് ഞാനാണ്... എന്തായാലും ഒരു പ്രേമ കഥയല്ല അവൾക്ക് പറയാനുള്ളത് ന്ന് മനസ്സിലായി... പിന്നെ ഇപ്പൊ എന്താവും....

"അത്.... ഞാൻ വൈശാഖേട്ടൻ ചോദിച്ചപ്പോ എന്തിക്കെയോ പറഞ്ഞു ന്നെ ള്ളൂ... ആക്ച്വലി ഞാൻ പറയാൻ വന്നത് ഇതൊന്നും അല്ലാട്ടോ .... എനിക്ക് വൈശാഖേട്ടന്റെ ഫാമിലിയെ ഒത്തിരി ഇഷ്ട്ടായി.. എപ്പോഴും ബഹളാവും ലെ വീട്ടില്... എനിക്കും നിങ്ങടെ വീട്ടിലെ ഒരാളാവാൻ വല്ല്യ ആഗ്രഹം ണ്ട്... പക്ഷെ ഞാൻ വളർന്ന രീതികൾ വ്യത്യസ്താണ്... എന്റെ വസ്ത്രധാരണം... അച്ഛമ്മക്ക് ഇന്നലെ ഞാനിട്ട ഡ്രസ്സ് ഇഷ്ട്ടയില്ല ന്ന് നിക്ക് തോന്നി... പിന്നെ ഭക്ഷണം അച്ഛനാദ്യം കൊടുത്തോളൂ , എന്നിട്ട് മതി ഞങ്ങൾക്കൊക്കെ ന്ന് പറഞ്ഞപ്പോ നിക്ക് തോന്നി, എന്നെ കുറിച്ച് ഞാനെന്ന വ്യക്തിയെ കുറിച്ച് ഏട്ടനോട് സംസാരിക്കണം ന്ന്...

ഞാൻ... ഞാനെന്താ പറയാ... എനിക്ക് ഏട്ടന്റെ കുടുംബം ഒത്തിരി ഇഷ്ട്ടായി... നിങ്ങടെ എല്ലാ രീതികളുമായും ഒത്തു പോവാൻ എനിക്ക് സാധിക്കും.. ഏത് സാഹചര്യത്തിലും ജീവിക്കാനുള്ള കരുത്തു നൽകിയാണ് എന്റെ അച്ഛനും അമ്മയും ഏട്ടനുമൊക്കെ എന്നെ വളർത്തിയത്...പക്ഷെ... നിക്ക്.... ഏട്ടന്റെ കുടുംബത്തിലെ രീതികളുമായി ഇണങ്ങി ചേരാൻ ഒരിത്തിരി സമയം തരണം... എന്റെ സ്വഭാവവും രീതികളും ഡ്രസ്സും ഒക്കെ നിങ്ങടെ രീതിയിലേക്കാക്കാനുള്ള കുറച്ചു സമയം... പിന്നെ എന്തെങ്കിലും തെറ്റ് കണ്ടാൽ തിരുത്താൻ ഏട്ടൻ കൂടെയുണ്ടാവും ന്നുള്ള ഒരൊറപ്പ് വേണം എനിക്ക്.... കാരണം എന്തിനും ഏതിനും അഭിപ്രായം പറഞ്ഞു ശീലിച്ച ഒരാളാണ് ഞാൻ.. എന്നെ മുഴുവൻ മനസ്സിലാക്കിയിട്ട് ഏട്ടൻ ഒരുത്തരം തരണം.... അതിനാ ഞാൻ..." അവളുടെ പുഞ്ചിരിക്കിപ്പോ മുൻപത്തെ അത്ര തെളിച്ചമില്ല....

പാവം എന്റെ അഭിപ്രായം എന്താണെന്നറിയാഞ്ഞിട്ടാവും...

ന്റെ തൃപ്പങ്ങോട്ടപ്പാ ഈ കൊച്ച് ഇത് പറയാനും വേണ്ടിയാണോ ഇത്രേം വളഞ്ഞു മൂക്ക് പിടിച്ചേ?? ഛെ!! വെറുതെ ഇതിനെ കുറെ പ്രാകി... ദൈവമേ എന്റെ കൊച്ചിനൊന്നും പറ്റിയേക്കല്ലേ... പാവം കൊച്ചാണ്.... തൂ... തൂ....

"എന്റെ കാർത്തിക കൊച്ചെ ഇതിനാണോ ഇത്രേം വളഞ്ഞു ചുറ്റി പറഞ്ഞേ?? പിന്നെ പത്തു മിനുറ്റ് താൻ ഈ പറഞ്ഞതൊക്കെ വെച്ച് ഒരാളെ മനസ്സിലാക്കാൻ പറ്റോ???..... "

ഞാനവളെ നോക്കിയൊന്ന് ചിരിച്ചു... ഇത്തവണ അവൾടെ ചിരിക്ക് തീരെ വോൾേട്ടജ് ഇല്ലായിരുന്നു....

"ആ പിന്നെ ശരിയാ കേട്ടോ... എന്റെ വീട്ടില് താനി പറഞ്ഞ രീതികളൊന്നും ഇല്ല്യ.. അച്ഛനൊരു നല്ല കൃഷിക്കാരനാണ്... ഇപ്പോഴും കൃഷിയെ നല്ല രീതിയിൽ നടത്തി ലാഭമെടുക്കുന്ന ആൾ.. പിന്നെ ചെറിയച്ഛൻ ഒരു കട നടത്തുന്നുണ്ട്.. ചെറിയമ്മയും ചെറിയച്ഛനെ സഹായിക്കാൻ കടയിൽ പോവും...മറ്റൊരാള് സഹകരണ ബാങ്കില് ക്ലാർക്ക് ആണ്.. ആ ചെറിയമ്മയാണെങ്കി വീട്ടിൽ തന്നെയാണ് ട്ടോ... പാട്ട് പഠിപ്പിക്കുന്നുണ്ട് വീട്ടില്... പിന്നെ അമ്മാവനും അമ്മായിയും തൊട്ടടുത്ത

യു പി സ്കൂളില് മാഷും ടീച്ചറും ആണ്.. അച്ഛച്ഛൻ മരിച്ചിട്ട് അഞ്ചു വർഷായി... അച്ഛച്ഛൻ തൊട്ടുടത്ത സ്കൂളിലെ ഹെഡ് മാഷായി റിട്ടയേർഡ് ചെയ്ത ആളാണ്... അന്ന് കൂടെ വന്നത് അച്ഛമ്മ.. ഞങ്ങടെ കുടുംബത്തിന്റെ പ്രസിഡന്റ്....

ഞങ്ങടെ ദിവസം തുടങ്ങുന്നത് പുലർച്ചെ... പുലർച്ചെ ന്ന് പറഞ്ഞാ രാവിലെ അഞ്ചഞ്ചരമണിക്ക്, അമ്മയും അച്ഛമ്മയും ചിറ്റമാരും അമ്മായിമാരുമൊക്കെ എണീക്കും... തൊഴുത്തു വൃത്തിയാക്കുന്നത് അവരാണ് കേട്ടോ.. അപ്പൊഴേക്കും അച്ഛനും എണീക്കും... പശുവിനെ കറക്കുന്നത് അച്ഛനാണ് ... പാല് അടുക്കളയിൽ വെച്ചിട്ട് അച്ഛൻ കുളിക്കാൻ പോവും പുഴയില്... അപ്പോഴേക്കും കുട്ടി പട്ടാളങ്ങൾ ഒഴികെ ബാക്കിയൊക്കെ അടുക്കളയിൽ ഹാജരായിട്ടുണ്ടാവും... അവരിത്തിരി വൈകി എണീച്ചാ മതിന്ന് പറയുന്നത് അച്ഛനാണ് ട്ടോ... ഞങ്ങടെ ചായ കുടിക്കലൊക്കെ കഴിഞ്ഞാ ചെറിയച്ഛൻമാരുടെ കൂടെ തേങ്ങ പൊതിക്കാനും ചിരകാനുമൊക്കെ ഞങ്ങളും കൂടും... എന്നും പറഞ്ഞു എല്ലാ പണികളിലും അതായത് ഈ മുറ്റമടിക്കലും പാത്രം കഴുകലും തുണി അലക്കലുമൊക്കെ ഞങ്ങടെ വീട്ടില് പെണ്ണുങ്ങളാ ചെയ്യാറ്... അത് ഞങ്ങൾക്ക് ചെയ്യാനാറിയാഞ്ഞിട്ടല്ല, അവര് ചെയ്തു തരാറുണ്ട്... അതിന് എതിര് പറയാറില്ല അത്രേള്ളൂ... പക്ഷേ അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാറുമുണ്ട്... രണ്ടാഴ്ച കൂടുമ്പോ അച്ഛനും ചെറിയച്ഛന്മാരും ഞങ്ങളും കൂടിയ മുറ്റം ചാണകം കൊണ്ട് മെഴുകി കൊടുക്കാറ്.... പിന്നെ രാവിലെ തന്നെ വെള്ളം ഫുൾ ടാങ്ക് ആക്കി ഇടും... അവർക്ക് വേണ്ട കുഞ്ഞു കുഞ്ഞു സഹായങ്ങളെല്ലാം ചെയ്യാറുണ്ട്...പിന്നെ ആൺ പെൺ വേർതിരിവൊന്നും വീട്ടിലും ഇല്ലെടോ, നിങ്ങടെ പോലെ ഒരുമിച്ചിരുന്ന് കഴിക്കുന്നില്ല ന്നെ ള്ളൂ,വീട്ടിലുള്ളവർക്കെല്ലാം തികയില്ലേ എന്നൊരു പത്തു വട്ടമെങ്കിലും നോക്കിയിട്ടെ അവിടുള്ള ആണുകളൊക്കെ കഴിക്കാറുള്ളൂ.... പിന്നെ ഓരോരുത്തർക്കും ഓരോരോ നേരത്താണ് പോണ്ടത്.... അത് കൊണ്ട് വരുന്നവര് വരുന്നവര് കഴിക്കും... അല്ലാതെ അതൊരു പക്ഷ ഭേദമല്ല ട്ടോ... പിന്നെ പെൺകുട്ടികളാണ് വീടിന്റെ വിളക്ക് ന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നവരാ അവിടുള്ളോരൊക്കെ... അത് കൊണ്ടാണ് ചേച്ചി എം ഡി മെഡിസിൻ ചെയ്യാൻ അമേരിക്കക്ക് ഒറ്റക്ക് പോയത്... അവളുടെ സ്വന്തം ചിറകുകളിൽ പറക്കട്ടെ എന്നാദ്യം പറഞ്ഞത് അച്ഛമ്മയാണ്.... അച്ഛമ്മടെ പേരക്കുട്ടികളെല്ലാം ജീൻസ്‌ ഇടുന്നവരാണ് ടോ.... ഞങ്ങടെ രീതികളൊക്കെ പഴയതാവും... പക്ഷെ ചിന്തകളൊക്കെ പക്കാ മോഡേൺ ആണെടോ..... താൻ ഒന്ന് കൊണ്ടും പേടിക്കണ്ട... താൻ പറഞ്ഞില്ലേ താനേറ്റവും കൂടുതൽ ബഹുമാനിക്കുന്നത് തന്റെ അച്ഛനെയാണ് ന്ന്... ഞാനേറ്റവും കൂടുതൽ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും എന്റെ അമ്മയെയാണ്.... ആ അമ്മ പറഞ്ഞിട്ടുണ്ട് സ്ത്രീയെ മനസ്സിലാക്കി അവളെ അറിഞ്ഞ് സ്നേഹിക്കണം ന്ന്... തന്നെ താനായിട്ട് സ്നേഹിക്കാനാണ് എനിക്കിഷ്ടം.. തന്റെ രീതികളൊന്നും മാറ്റേണ്ട ആവശ്യമില്ല... തന്റെ ഡ്രസ്സിങ്ങോ, തന്റെ നിലപാടുകളോ ഒന്നും മാറ്റേണ്ട... അതിലൊന്നിലും ആർക്കും പരാതി ഉണ്ടാവില്ല.... എല്ലാവരേയും മനസ്സ് തുറന്നു സ്നേഹിച്ചാൽ മതി... സ്നേഹിക്കുകയാണെന്ന് അഭിനയിക്കുന്ന രീതിയല്ല ട്ടോ.... സ്നേഹം കൊടുത്തു സ്നേഹം മേടിക്കുന്ന രീതി.....അതിന് തനിക്ക് പറ്റും ന്ന് നിക്ക് ഉറപ്പുണ്ട്...കാരണം എന്നേക്കാൾ എന്റെ കുടുംബം ഇഷ്ട്ടമായി വരുന്നവൾക്ക് അവരുടെ കൂടെ ഒരുമിച്ചു പോവാനും കഴിയും... പിന്നെ ഞാനിനി തന്റെ തെറ്റുകൾ പറഞ്ഞു തന്ന് ചേർത്ത് നിർത്തിയില്ലെങ്കിലെന്താ ഒരു കുടുംബം മുഴുവനും തന്നോടൊപ്പം ഉണ്ടാവും... അത് പോരേ??

ഇപ്പോഴവളുടെ ചിരിക്ക് പാൽ നിലാവിന്റെ ശോഭയായിരുന്നു....

"ഞാൻ ഇങ്ങിനെയൊക്കെ വന്ന് പറഞ്ഞതില് വൈശാഖേട്ടന് ദേഷ്യമൊന്നുമില്ലല്ലോ...??"

"എന്തിന്?? എന്റെ ഭാര്യക്ക് നിലപാടുകൾ ഉണ്ടാവുന്നത് എനിക്ക് സന്തോഷള്ള കാര്യമാണെടോ....."

മനസ്സിലെ ആശങ്കയൊഴിഞ്ഞവളും ഈ പെണ്ണും കൈ വിട്ട് പോവുമൊന്നുള്ള പേടി ഒഴിഞ്ഞു ഞാനും കടൽകാറ്റേറ്റ്‌ നടന്നു.... കൈകോർത്തു പിടിച്ചു കൊണ്ട് തന്നെ....

അല്ലേലും കണ്ടിഷ്ടപ്പെടുന്നതിനേക്കാൾ അറിഞ്ഞിഷ്ടപെടണമെന്നു പറഞ്ഞു തന്ന എന്റച്ഛൻ മരണമാസാണ്....

avataravatar